(1) ഗ്രാമലക്ഷ്മി മുദ്രാലയം, കഞ്ചിക്കോട്, പാലക്കാട്
കേരള റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആദ്യ സംരംഭമെന്ന നിലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പ്രിന്‍റിംഗ് പ്രസ്സ് പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട് 1988-ല്‍ സ്ഥാപിക്കപ്പെട്ടു. ഈ സ്ഥാപനത്തില്‍ നിന്നാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫാറങ്ങള്‍, രജിസ്റ്ററുകള്‍, രസീതു ബുക്കുകള്‍, കമ്പ്യൂട്ടര്‍ രസീതുകള്‍ എന്നിവയും, തദ്ദേശകം, ഡയറി തുടങ്ങിയവയും അച്ചടിച്ചു നല്‍കി വരുന്നു. 60-ഓളം പേര്‍ പ്രത്യക്ഷമായി ജോലി ചെയ്യുന്ന ഇവിടെ 100-ല്‍ പരം ആളുകള്‍ പരോക്ഷമായും ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ തൊഴില്‍ ചെയ്തു വരുന്നുണ്ട്. വനിതകള്‍ക്ക് ബുക്ക് ബൈന്‍റിംഗ്, പ്രിന്‍റിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കി വരുന്ന ഒരു കേന്ദ്രമായും ഗ്രാമലക്ഷ്മി മുദ്രാലയം പ്രവര്‍ത്തിച്ചു വരികയാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകളെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ബൈന്‍റിംഗ് ജോലികള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിച്ചു വരികയും ചെയ്യുന്നുണ്ട്. കുടുംബശ്രീ വനിതകള്‍ക്ക് ബുക്ക് ബൈന്‍റിംഗില്‍ പരിശീലനം നല്‍കുന്നതിനുള്ള ഒരു അക്രഡിറ്റ് ഏജന്‍സിയായി ഗ്രാമലക്ഷ്മി മുദ്രാലയത്തെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തു വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ ജനറല്‍ മാനേജരായി സര്‍ക്കാര്‍ നിയമിക്കുന്നു.
(2) ഗ്രാമലക്ഷ്മി മുദ്രാലയം, കല്ലിയൂര്‍, തിരുവനന്തപുരം
സൊസൈറ്റിയുടെ രണ്ടാമത്തെ സംരംഭമാണ് തിരുവനന്തപുരത്ത് കല്ലിയൂരിലെ "ഗ്രാമലക്ഷ്മി മുദ്രാലയം." ഈ സ്ഥാപനം 2012 ഫെബ്രുവരി മാസം 6-ാം തീയതി പ്രവര്‍ത്തനം ആരംഭിച്ചു. ഇരുപത്തി ഒന്‍പതു പേര്‍ക്ക് പ്രത്യക്ഷമായും 50-ല്‍പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഇവിടെ എച്ച്.എം.ടി നിര്‍മ്മിതമായ മള്‍ട്ടി കളര്‍ ഉള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും അച്ചടി ജോലികള്‍ക്കു പുറമെ സര്‍ക്കാര്‍ വകുപ്പുകളുടെ അച്ചടി ജോലികളും പഞ്ചായത്ത്രാജ് മാസികയുടെ അച്ചടിയും ഏറ്റെടുത്തു നടത്തി വരുന്നു. പ്രിന്‍റിംഗ്, ബൈന്‍റിംഗ് മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഇവിടെ നിന്നും പരിശീലനം നല്‍കി വരുന്നു.
(3) ക്രൂസ് കാസര്‍ഗോഡ് ആഫീസ്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരുവ് വിളക്കുകളുടെ വിതരണം സുഗമമാക്കുന്നതിനായി കാസര്‍ഗോഡ് സീതാംഗോളിയില്‍ കേരള ഗ്രാമജ്യോതി ലൈറ്റിംഗ്സിന്‍റെ ഭാഗമായി ക്രൂസിന്‍റെ ഒരു ഓഫീസ് പ്രവര്‍ത്തിച്ച് വരുന്നു. ഗ്രാമലക്ഷ്മി മുദ്രാലയം കഞ്ചിക്കോട് നിന്നും നിയോഗിച്ച ഒരു സ്ഥിര ജീവനക്കാരനും 2 ദിവസകൂലി ജിവനക്കാരനും ഒരു കരാര്‍ ജീവനക്കാരനും ഇവിടെ ജോലി ചെയ്തു വരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ ക്രൂസിനാണ് നല്‍കുന്നത്. ഇത് കെ.ജി.എല്‍-ന് കൈമാറി വിതരണം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ ആണ് ഈ ആഫീസ് മുഖേന നടന്നു വരുന്നത്.
(4) കേരള ഗ്രാമജ്യോതി ലൈറ്റിംഗ്സ്, കാസര്‍ഗോഡ്
ഗ്രാമപഞ്ചായത്തുകളിലെ തെരുവ് വിളക്കുകള്‍ക്ക് ആവശ്യമായ ബള്‍ബുകളും മറ്റ് ഇലക്ട്രിക് സാധനങ്ങളും നിര്‍മ്മിക്കുന്നതിനായി ക്രൂസ്സിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്ഥാപനമാണ് കേരള ഗ്രാമജ്യോതി ലൈറ്റിംഗ്സ്. ഇതിന്‍റെ ആഫീസും ഫാക്ടറിയും കാസര്‍ഗോഡ് ജില്ലയിലെ സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ അനുവാദത്തിന് വിധേയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്‍റെ പ്രാരംഭ മൂലധനം ഒരു കോടി രൂപയാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ തെരുവുവിളക്കും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങളും ഇവിടെ നിന്നും നിര്‍മ്മിച്ച് നല്‍കുന്നതിന് കഴിയുന്ന തരത്തിലുള്ള യന്ത്ര സാമഗ്രികള്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വരുന്നു. തദ്ദേശിയരായ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് കാലതാമസം കൂടാതെ ഇലക്ട്രിക് സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ കഴിയുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
- 189 views